തൃശ്ശൂർ:ഓൺലൈൻ ക്ലാസുകളിൽ ഡേറ്റ ഉപഭോഗം കൂടുതലായതിനാൽ രക്ഷിതാക്കൾക്കുണ്ടാവുന്ന പ്രയാസങ്ങൾ പരിഹരിക്കാനുള്ള നടപടികളിലേക്ക് ബി.എസ്.എൻ.എൽ. കുട്ടികൾക്കായി പ്രത്യേക പാക്കേജുകൾ അടക്കമുള്ളവ പരിഗണിക്കാവുന്നതാണെന്നു കാണിച്ച് ബി.എസ്.എൻ.എൽ. കേരള സർക്കിൾ , ന്യൂഡെൽഹിയിലെ കോർപ്പറേറ്റ് ഓഫീസിലേക്ക് നിർദേശങ്ങൾ സമർപ്പിക്കും.
ഓൺലൈൻ വിദ്യാഭ്യാസരംഗത്ത് കേരളം കാണിക്കുന്ന മുന്നേറ്റം അഭിനന്ദനാർഹമാണെന്നും അതിന്റെ പ്രോത്സാഹനത്തിന് ബി.എസ്.എൻ.എൽ. ഒപ്പമുണ്ടാവുമെന്നും കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ സി.വി. വിനോദ് പറഞ്ഞു. വ്യാഴാഴ്ച മാതൃഭൂമിയിൽ ' ഓൺലൈൻ ക്ലാസ്സുകൾക്ക് കൂടുതൽ ഡേറ്റ വേണം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കേരള സർക്കിളിന്റെ ഇടപെടൽ ഉണ്ടായത്.
വിദ്യാർഥികളിൽ മൊബൈൽ ഫോണിലെ ഡേറ്റ ഉപയോഗിക്കുന്നവർക്കും ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ (എഫ്.ടി.ടി.എച്ച്. വഴിയുള്ള ഡേറ്റ ഉപയോഗിക്കുന്നവർക്കും ഗുണകരമായ വഴികളാണ് ബി.എസ്.എൻ.എൽ. ആലോചിക്കുന്നത്. പ്രത്യേക സ്റ്റുഡന്റ് പായ്ക്കുകളാവും നിർദേശിക്കപ്പെടുക. ബി.എസ്.എൻ.എൽ. മൊബൈൽ സർവീസ് തുടങ്ങിയ കാലത്ത് പ്രത്യേക സ്റ്റുഡന്റ് പ്ലാനുകൾ പ്രഖ്യാപിച്ചിരുന്നു..
"പിഡബ്ല്യുഡി ഫോർ യു ആപ്: പ്രമോ വിഡിയോ പ്രകാശനം ചെയ്ത് മമ്മൂട്ടി" - Read More
ഓൺലൈൻ വിദ്യാഭ്യാസമോ ഡേറ്റ ഉപഭോഗമോ ഇല്ലാതിരുന്ന കാലമായിരുന്നു അത്. വോയ്സ് കോളിനും എസ്.എം.എസിനും മാത്രം ഉപയോഗിച്ചിരുന്ന ആ പ്ലാൻ വലിയ മുന്നേറ്റമാണ് വരിക്കാരുടെ എണ്ണത്തിൽ ബി.എസ്.എൻ.എല്ലിന് ഉണ്ടാക്കിക്കൊടുത്തത്. അത്തരമൊരു സാഹചര്യം ഓൺലൈൻ വിദ്യാഭ്യാസത്തിൽ വിദ്യാർഥികൾക്കൊപ്പം നിന്നാൽ ഉണ്ടാവും എന്ന വിലയിരുത്തലിലാണ് കമ്പനി.
റീചാർജ് ചെയ്ത് കിട്ടുന്ന ഡേറ്റ ഒരു ദിവസം രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസിനു പോലും തികയാത്ത സ്ഥിതിയാണ്. നിശ്ചിത ഡേറ്റ തീർന്നാൽ ടോപ്പ് അപ്പ് ചെയ്യേണ്ടിവരും. വീട്ടിൽ വിദ്യാർഥികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ചെലവും കൂടും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ