60 വയസ്സുകാരന് രണ്ടു ഡോസ് കോവിഡ് വാക്‌സിൻ ഒന്നിച്ചു കുത്തിവെച്ചു

60 വയസ്സുകാരന് രണ്ടു ഡോസ് കോവിഡ് വാക്‌സിൻ ഒന്നിച്ചു കുത്തിവെച്ചു 
ഹരിപ്പാട്: കരുവാറ്റ പി.എച്ച്.സി.യിൽ ഒരാൾക്കു രണ്ടു ഡോസ് കോവിഡ് വാക്സിൻ ഒന്നിച്ചു നൽകി. രണ്ടാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തിയ കരുവാറ്റ പത്താം വാർഡ് സ്വദേശിയായ 60 വയസ്സുകാരനായ ഭാസ്കരനാണ് രണ്ടു ഡോസ് കോവിഷീൽഡ് വാക്സിൻ ഒന്നിച്ചു കുത്തിവെച്ചത്. ഇതിനുശേഷം ഗവ. ആശുപത്രിയിൽ പ്രാഥമിക പരിശോധനയ്ക്കു ശേഷം നിരീക്ഷണത്തിൽ കഴിഞ്ഞ ആളിന് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. കരുവാറ്റ പി.എച്ച്.സി.യിൽ കോവിഡ് വാക്സിൻ നൽകുന്നതിന് രണ്ട് കൗണ്ടറുകളാണുള്ളത്. രജിസ്ട്രേഷനു ശേഷം ആദ്യകൗണ്ടറിൽ നിന്ന് വാക്സിൻ സ്വീകരിച്ചയാൾ രണ്ടാമത്തെ കൗണ്ടറിലുമെത്തി വാക്സിൻ എടുപ്പിക്കുകയായിരുന്നു. പിന്നീടാണ് ആരോഗ്യവകുപ്പ് ജീവനക്കാർ ഇക്കാര്യം മനസ്സിലാക്കുന്നത്.
വാക്സിൻ സ്വീകരിച്ച ശേഷം അര മണിക്കൂർ നിരീക്ഷണത്തിൽ തുടരണം. ഇതിനായി ക്രമീകരിച്ച സ്ഥലത്തേക്കു മാറുന്നതിനു പകരം രണ്ടാമത്തെ കൗണ്ടറിൽ എത്തിയതും ആദ്യം കുത്തിവെപ്പ് എടുത്ത വിവരം വെളിപ്പെടുത്താതിരുന്നതുമാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.
         അതേ സമയം, ഓരോരുത്തരുടേയും ഫോൺ നമ്പർ, ആധാർ അല്ലെങ്കിൽ അതു പോലെയുള്ള മറ്റ് തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിട്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഗൗരവകരമാണെന്ന് ആക്ഷേപമുണ്ട്. ഫോൺ നമ്പർ, പ്രത്യേക രഹസ്യകോഡ് തുടങ്ങിയവ പ്രകാരം, സൈറ്റിൽ നിന്ന് കൃത്യമായ നിർദ്ദേശം ലഭിക്കുന്നത് ഒത്തു നോക്കി ആളുകളെ കൗണ്ടറിലേക്ക് കടത്തി വിടുന്ന കർശന നടപടികൾക്കിടയിൽ, ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്, പ്രവർത്തകരുടെ പിശകോ, സിസ്റ്റത്തിലെ തകരാണോ ആണ്. ആയത് ക്യത്യമായി പരിഹരിച്ച് വാക്സിനേഷൻ്റെ വിശ്വാസ്യത വീണ്ടെടുക്കേണ്ടതാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ