ഇസ്‌ലാമാബാദ്∙ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് യുഎഇയിൽ ആകും നടക്കുകയെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ എഹ്സാൻ മണി. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഇന്ത്യയ്ക്ക് 28–ാം തീയതി വരെ സമയം അനുവദിച്ചിരിക്കെയാണ് പിസിബി ചെയർമാന്റെ പ്രസ്താവന.
ജൂൺ 1നു ചേർന്ന ഓൺലൈൻ യോഗത്തിനു പിന്നാലെയാണ് അന്തിമതീരുമാനമെടുക്കാൻ ഇന്ത്യയ്ക്ക് സമയം അനുവദിച്ചത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഓൺലൈനായി യോഗത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യയ്ക്കു പുറത്ത് ഇത്തവണ ലോകകപ്പ് നടത്താനാണ് ഐസിസിക്ക് താൽപര്യമെന്നാണ് സൂചന. ഇതിനു പിന്നാലെയാണ് ഇപ്പോൾ പാക്കിസ്ഥാൻ ബോർഡ് ചെയർമാന്റെ പ്രസ്താവനയും വന്നിരിക്കുന്നത്.
‘ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പ് ഇപ്പോൾ യുഎഇയിലേക്ക് പോകുന്നു. ബാക്കിയുള്ള ഐപിഎൽ മത്സരങ്ങളും യുഎഇയിലും നടത്താൻ ഇന്ത്യ നിർബന്ധിതരാകുന്നു. ശേഷിക്കുന്ന പിഎസ്എൽ (പാക്കിസ്ഥാൻ സൂപ്പർ ലീഗ്) മത്സരങ്ങൾ അബുദാബിയിൽ നടത്താതെ മറ്റു മാർഗമില്ല.’ – എഹ്സാൻ മണി പറഞ്ഞു. നിലവിലെ കോവിഡ് സാഹചര്യം എല്ലാ ക്രിക്കറ്റ് പദ്ധതികളും താറുമാറാക്കിയെന്നും ധാരാളം അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പിസിബി ചെയർമാൻ അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ ശക്തമായി അലയടിച്ച കോവിഡ് രണ്ടാം തരംഗമാണ് ടൂർണമെന്റ് നടത്തിപ്പിന് ഭീഷണിയാകുന്നത്. രണ്ടാം തരംഗം ഒതുങ്ങിയാലും അധികം വൈകാതെ മൂന്നാം തരംഗമുണ്ടാകുമെന്നാണ് വിദഗ്ധരുടെ മുന്നനറിയിപ്പ്. ഈ സാഹചര്യത്തിൽ ഒക്ടോബർ–നവംബർ മാസങ്ങളിലായി ഇന്ത്യയിൽ ടൂർണമെന്റ് നടത്തുന്നത് അപകടകരമാണെന്നാണ് വിലയിരുത്തൽ.
മാത്രമല്ല, ഇന്ത്യയിലെ അതിരൂക്ഷമായ കോവിഡ് വ്യാപനം നിമിത്തം ഒട്ടേറെ രാജ്യങ്ങൾ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നടന്നുവന്ന ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 14–ാം സീസൺ കോവിഡ് വ്യാപനത്തെ തുടർന്ന് പാതിവഴിയിൽ നിർത്തിവയ്ക്കാൻ ബിസിസിഐ നിർബന്ധിതരായിരുന്നു.

إرسال تعليق