കേന്ദ്ര ഭവനനിർമാണ പദ്ധതി; സംസ്ഥാനം നഷ്ടമാക്കിയത് 195.82 കോടി


തിരുവനന്തപുരം:നിർധന കുടുംബങ്ങൾക്ക് വീട് നൽകുന്ന ‘പ്രധാനമന്ത്രി ആവാസ് യോജന’ നടത്തിപ്പിലെ വീഴ്ചകാരണം കേന്ദ്രസഹായമായ 195.82 കോടി രൂപ നഷ്ടമായെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ.


2016-18 കാലയളവിലെ കേന്ദ്രസഹായമാണ് സമയബന്ധിതമായി പദ്ധതി നടപ്പാക്കാത്തതിനാൽ സംസ്ഥാനത്തിന് നഷ്ടമായത്. 2016-17ൽ 32,559 വീടുകൾ നിർമിക്കാനാണ് കേന്ദ്രസർക്കാർ തുക അനുവദിച്ചത്. എന്നാൽ, 13,326 വീടുകളാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഈ കാലയളവിലേക്ക് കേന്ദ്രവിഹിതമായി 121.90 കോടി രൂപ അനുവദിച്ചു. എന്നാൽ, ഒന്നാംഘട്ടം കൃത്യമായി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ തുടർന്നുള്ള കേന്ദ്രസഹായം നഷ്ടമായെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.


പദ്ധതി നടത്തിപ്പിൽ ഒട്ടേറെ പാളിച്ചകൾ സംഭവിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും നിർദിഷ്ടമാനദണ്ഡങ്ങൾ പാലിക്കുന്നതിലും വീഴ്ചസംഭവിച്ചു. 42,431 വീടുകൾ നിർമിക്കാനായിരുന്നു കേന്ദ്രപദ്ധതിയെങ്കിലും 2016-19 കാലയളവിൽ 16,101 വീടുകൾ മാത്രമാണ് പൂർത്തീകരിച്ചത്. ഓഡിറ്റ് റിപ്പോർട്ട് സർക്കാർ നിയമസഭയിൽവെച്ചു.


ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ പഞ്ചായത്തുകൾക്ക് തെറ്റുപിണഞ്ഞു. പട്ടികയിൽപെടുത്തിയ 75,709 കുടുംബങ്ങളിൽ 45,409 പേർ അർഹതയില്ലാത്തവരായിരുന്നു. ഭൂരഹിതർക്ക് സംസ്ഥാനസർക്കാർ ഭൂമി അനുവദിക്കേണ്ടിയിരുന്നു. ഇതിന് കാലതാമസം ഉണ്ടായതുകാരണം 5715 കുടുംബങ്ങൾക്ക് വീട് നഷ്ടമായി. പദ്ധതി നടത്തിപ്പിൽ ഗ്രാമപ്പഞ്ചായത്തുകൾക്ക് കാര്യമായ പങ്കുണ്ടായിരുന്നെങ്കിലും 580 വീടുകൾ പഞ്ചായത്തിന്റെയും തീരദേശപരിപാലന അതോറിറ്റിയുടെയും അനുമതിയില്ലാതെയാണ് നിർമിച്ചത്.


കിടപ്പുരോഗികൾ, പ്രായമായവർ തുടങ്ങി അവശവിഭാഗത്തിൽപെട്ടവർക്ക് പഞ്ചായത്തുകൾ വീട് വെച്ചുനൽകണമെന്നായിരുന്നു വ്യവസ്ഥ. ഇതിന് പഞ്ചായത്തുകൾ തയ്യാറാകാത്തതിനാൽ 393 കുടുംബങ്ങൾക്ക് വീട് നഷ്ടമായി. 275 വീടുകളിൽ ശൗച്യാലയങ്ങൾ, കുടിവെള്ളം, പാചകവാതകം, വൈദ്യുതി എന്നിവ ഇല്ലായിരുന്നു. ഈ സൗകര്യങ്ങൾ ഒരുക്കുന്ന മറ്റു കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി സംയോജിപ്പിച്ച് ആനുകൂല്യങ്ങൾ നൽകുന്നതിൽ വീഴ്ചപറ്റി.


Post a Comment

വളരെ പുതിയ വളരെ പഴയ